ഭീഷ്മരും ദ്രോണരുമൊക്കെ പൂജ്യരായ നിലയ്ക്ക് ഞാനവരെ പൂജിക്കേണ്ടതാണ്.കൊല്ലേണ്ടതല്ല.അങ്ങന്നോടു കൊല്ലാൻ പറയുകയാണോ?
കൊല്ലുകയില്ലെന്നു ഞാൻ പറയുന്നതാണോ കശ്മലം?
അതാണോ കൈബ്യം?
ഭഗവാനേ,അർഥകാമരൂപമായ രക്തക്കറ പുരണ്ട ഭോഗങ്ങളനുഭവിക്കുന്നതിനെക്കാളുത്തമം ഭൈക്ഷ്യംകൊണ്ടു ജീവിക്കുന്നതാണ്.
ഭൈക്ഷമെന്നും ഭൈക്ഷ്യമെന്നും രണ്ടു പാഠങ്ങളുണ്ട്.ചില ഗീതാപുസ്തകങ്ങളിൽ ഭൈക്ഷമെന്നും മറ്റു ചിലതിൽ ഭൈക്ഷ്യമെന്നും കാണാം.രണ്ടും ശരിയാണ്.അർഥത്തിൽ ചെറിയ വ്യത്യാസമുണ്ടെന്നുമാത്രം.ഭൈക്ഷം എന്നാൽ ഭിക്ഷാന്നം.
ഭാരതം ഏറ്റവും നല്ല ജീവിതമായി കണ്ടിരുന്നത് ഭിക്ഷയെടുത്തുജീവിക്കുന്നതിനെയാണ്.ഏറ്റവും ധാർമികമായ ജീവിതം ഭിക്ഷക്കാരുടേതായിരുന്നു.ഇതു വളരെ ഉയർച്ചയുള്ള ജീവിതമായിരുന്നു.വീടുകളിലൊക്കെ ഭിക്ഷക്കാർ വന്നാൽ ധർമ്മക്കാരൻ വന്നിരിക്കുന്നു എന്നാണു പറയുക.അതിൻ്റെ അർഥമറിയില്ലെങ്കിലും ഇപ്പോഴും നമ്മളിതു പറയാറുണ്ട്.ധർമ്മത്തിൻ്റെ ആളാണ് ആ വന്നിരിക്കുന്നത്.!
ധർമം അവനിലാണുള്ളത്.എന്നുതന്നെയല്ല നിങ്ങളൊക്കെ പൂജാമുറിയിൽ വെച്ചിരിക്കുന്ന ഫോട്ടോ ഒരു നമ്പർ വൺ ഭിക്ഷക്കാരൻ്റേതാണ്.ഭാരതത്തിൻ്റെ ഏറ്റവും വലിയ സിംബൽ,ഏറ്റവും വലിയ തെണ്ടിയുടെതാണ്.ഇൻ്റർനാഷണൽ തെണ്ടിയുടേത് എന്നു പറയുന്നതാണ് ശരി.
സാക്ഷാൽ പരമശിവൻ! അവൻ്റെ മുകളിലൊരു തെണ്ടിയില്ല.കൈയ്യിൽ തെണ്ടാനുള്ള പാത്രം,ഉടുക്കാൻ തുണിക്കു പകരം തോൽ,പണ്ടമോ പന്നഗം!
“തെണ്ടിയാണശനം; തുണിക്കു പകരം തോലാണുടുത്തീടുവാൻപണ്ടം പന്നഗമാണു ശിവനേ,ചിത്രം വിചിത്രം തവ….
ഒരു പിടിയുമില്ലാത്തതാണീ ചിത്രം.മറ്റൊരാൾ അതു ചോദിക്കുന്നുമുണ്ട്.കൈയിലീ ഭൂതഗണങ്ങളൊക്കെയുണ്ട്.ഇതൊല്ലാമുണ്ടായിരിക്കെ എന്തിനാണ് തെണ്ടുന്നത്? കൃഷി ചെയ്തുകൂടേ?
ആ ഹിമാലയമൊക്കെ കൊത്തിക്കിളച്ചു കപ്പയിട്ടു ജീവിച്ചുകൂടേ? ആ സദാശിവനെയാണ് നമ്മൾ ഔന്നത്യത്തിൽ വെച്ചു പൂജിക്കുന്നത്.അവൻ്റെ പരമ്പരയാണ് ധർമ്മക്കാർ.അർജ്ജുനനും ആ ഔന്നത്യത്തിലുള്ള ഭിക്ഷയെയാണ് ഉദ്ദേശിച്ചത്.ഈ ഗീതാവ്യാഖ്യാതക്കന്മാർക്കു പലർക്കും ഭിക്ഷ എന്ന ശബ്ദം ശരിക്കറിയില്ലാത്തതുകൊണ്ട്, തെണ്ടാൻ പോകുന്നതാണ് നല്ലതെന്ന് അർജ്ജുനൻ പറഞ്ഞു എന്ന് നിസ്സാരമായി കണ്ടു.അങ്ങനെയല്ല.അതു വളരെ ഉയർന്ന അർഥത്തിലുള്ളതാണ്.
മഹാപുരുഷന്മാരും സ്വാമിമാരുമൊക്കെ നാട്ടിൽ വരുമ്പോൾ ചിലപ്പോൾ ഗൃഹസ്ഥന്മാരോടു പറയും,’ ഇന്ന് ഗോപാലൻ്റവിടെയാ ഭിക്ഷ..വരുന്നോ?’ അപ്പോൾ ഈ ഗൃഹസ്ഥന്മാർ വഴിയിൽനിന്നേ മുങ്ങിക്കളയും.കാരണം, ഈ ഭിക്ഷ ഹേ! എങ്ങനെയാ പോയിക്കഴിക്കുക എന്നു വിചാരിക്കും.സംഗതി ഭിക്ഷയാണ്,തെണ്ടിക്കഴിക്കുന്നതാണ്.അതിനു മാധുര്യം കൂടും.ഏറ്റവും മാധുര്യമുള്ളത് തെണ്ടിക്കഴിക്കുമ്പോഴാണ്.!
അർജ്ജുനൻ പറയുമ്പോഴും ഉന്നതമെന്ന അർഥത്തിൽ ഭൈക്ഷ്യം എന്നാണ് പറയുന്നത്.എല്ലാ ഭിക്ഷയും ഉത്തമമല്ല.ഭിക്ഷ എല്ലായിടത്തുനിന്നും വാങ്ങിക്കഴിക്കാൻ കൊള്ളില്ല. ” സരസസരസഗേഹ” ത്തിൽനിന്നു വാങ്ങിക്കഴിക്കണം.
ഗേഹങ്ങൾ പല വിധമുണ്ട്.
സരസവിരസഗേഹം
വിരസസരസഗേഹം
വിരസവിരസഗേഹം
സരസസരസഗേഹം,
എന്നിവയാണവ.സരസവിരസഗേഹം: നല്ല മധുരമായി സംഭാഷണമൊക്കെ ചെയ്യും.ഇരിക്കൂന്നേ,കാപ്പിയുണ്ടാക്കാം..ഇപ്പോ റെഡിയാകുമെന്നേ…എന്നൊക്കെ പറയും.പിന്നെയും നിങ്ങളോടു വർത്തമാനമൊക്കെ പറഞ്ഞുകൊണ്ടിരിക്കും.നിങ്ങൾ എഴുന്നേല്ക്കാൻ തുടങ്ങുമ്പോൾ വീണ്ടും പറയും,അങ്ങനെയങ്ങു ധൃതിവെച്ചാലോ,പലഹാരോം കാപ്പിം ദേ ഇപ്പം…!’ അത് സരസവിരസഗേഹം.(പറച്ചിൽ മാത്രം)വേറേ ചിലർ വാക്കുകളിൽ പുച്ഛത്തോടെയേ പറയൂ— ങ്ഹാ, വാ….തിന്ന്…ഓ വേണേൽ കഴിക്ക് ….” പറയുന്നത് ഇങ്ങനെയൊക്കെയാണെങ്കിലും നന്നായി തരും.അത് വിരസസരസഗേഹം. വാക്കിൽ ഏറ്റവും മോശമായേ പറയൂ,ഏറ്റവും മോശമായേ തരൂ.ഇത് വിരസവിരസഗേഹം.നന്നായി പറയും നന്നായി തരും; കഴിക്കുമ്പോൾ അടുത്തിരുന്നു പ്രിയമായതു പറയും.പൂർണതൃപ്തിയിൽകിട്ടുന്ന സ്ഥലം.ഇത് സരസസരസഗേഹം.ഇതിൽ നാലാമത്തേത് ഭൈക്ഷ്യമാണെന്നു പറയാം.എങ്കിലും ഭൈക്ഷ്യമായ ഭിക്ഷ അതുമല്ല.അതിന് ‘ മധുകരീ’ ഭിക്ഷ എന്നുവപറയും.എന്നു പറഞ്ഞാൽ തേനീച്ച വിവിധ പൂക്കളിനിന്ന് തേൻ ശേഖരിക്കുന്നതുപോലെ,” ഭൈക്ഷ്യം മാധകരിം മുനിം” .മുനി കഴിക്കുന്നത് ആ ഭിക്ഷയാണ്.
അപ്പോൾ ഭൈക്ഷ്യംകൊണ്ടു ഞാൻ ജീവിച്ചോളാം, എനിക്കീ കൊലപാതകമൊന്നും വേണ്ട എന്ന് അർജ്ജുനൻ ഭംഗിയായി പറഞ്ഞു.അർജ്ജുനൻ തൻ്റെ നിലയെല്ലാം ഭഗവാനോടു വെളിവാക്കി.അവസാനം താൻ യുദ്ധം ചെയ്യുകയില്ല എന്നു സ്പഷ്ടമാക്കി.എനിക്കീ മൂന്നു ലോകങ്ങളും തന്നാലും ഇന്ദ്രപദവി ലഭിച്ചാൽപ്പോലും ഞാൻ എതിരാളികളെ കൊല്ലാൻ ഇഷ്ടപ്പെടുന്നില്ല.
“അവാപ്യ ഭൂമാവസപ്തനമൃദ്ധംരാജ്യം സുരാണാമപി ചാധിപത്യം. അതിനെക്കാളൊക്കെ പ്രശ്നം, എൻ്റെ മുൻപിൽ ഇന്ദ്രിയങ്ങളെ ഉച്ഛോഷിപ്പിക്കുന്ന ഈ ശോകമാണ്.അതാണ് എനിക്കു മാറേണ്ടത്.വേറൊന്നുമെനിക്കുവേണ്ട".
“യുദ്ധക്കളം ഗുരുകുലമായിമാറുന്നു”

EmoticonEmoticon